Friday, February 28, 2014

ശുനകജന്മം



പട്ടി നീ വെറും പട്ടി
നീ വെറും കാവൽപ്പട്ടി
ചങ്ങലത്തുണ്ടിൽ ജന്മം
തുലയ്ക്കുന്നവൻ പട്ടി.


കുരച്ചു ചോരന്മാരെ
തുരത്തുന്നവൻ പട്ടി
എറിയുമെച്ചിൽ വെട്ടി
വിഴുങ്ങുന്നവൻ പട്ടി 

കാരുണ്യമറ്റോർ തന്റെ
പുഴുത്ത കാൽ നക്കിയും
നന്ദിയില്ലാത്തോരിലും
നന്ദി കാട്ടുവോൻ  പട്ടി 

ഞൊടിച്ചു വിളിക്കുമ്പോൾ
ഓടിയടുത്തെത്തുവോൻ
വിരട്ടിയോടിക്കുമ്പോൾ
വിറച്ചു ചുരുളുന്നോൻ 

ഉറക്കം മറന്നിട്ടും
ഉറങ്ങും യജമാന്റെ
ജീവനും സമ്പത്തിനും
കാവൽ നില്ക്കുന്നോൻ പട്ടി
വിശക്കും മോഹങ്ങളെ
അടക്കുന്നവൻ  പട്ടി
വിധിക്കും ശിക്ഷയേറ്റു
കുഴങ്ങുന്നവൻ പട്ടി

നീളുമാ വിരൽത്തുമ്പിൻ
ആജ്ഞകളറിയുന്നോൻ
നീട്ടിയൊരു മൂളലിൽ
ജാഗ്രത പുലർത്തുന്നോൻ 


കഷ്ടമീപ്പട്ടി,സ്വന്തം
ഇഷ്ടങ്ങൾ മറക്കുന്നോൻ
സത്യമീപ്പട്ടി ,വെറും
പട്ടിയെന്നറിയാത്തോൻ
*    **   ***   **    *


(അത്ഭുതം ,അത്യത്ഭുതം
അമ്പരന്നീടുന്നു ഞാൻ ..
എങ്ങനെവന്നീപ്പട്ടി -
യ്ക്കെൻ തനി മുഖച്ഛായ....?)